തങ്കയങ്കി ഘോഷയാത്ര
തങ്കയങ്കി ഘോഷയാത്ര
ശബരിമല ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിയിക്കുന്ന ഒരു അലങ്കാരമാണ് തങ്കയങ്കി. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ 1973-ൽ നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി, മണ്ഡലപൂജക്കാണ് ശബരിമല മുകളിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്. മണ്‌ഡലപൂജയ്‌ക്ക് രണ്ടുനാൾ മുമ്പാണ് അനുഷ്‌ഠാനത്തിന്റെ പുണ്യവുമായി തങ്കയങ്കി രഥയാത്ര ആറന്മുള നിന്നു പുറപ്പെടുന്നത്.
പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉൾപ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയിൽ ഒരുക്കിയ രഥത്തിലാണ് തങ്കയങ്കി കൊണ്ടുപോകുന്നത്.
കോഴഞ്ചേരി കൊച്ചീരേത്ത് തങ്കപ്പനാചാരിക്കാണ് പതിവായി രഥം തെളിക്കാനുള്ള നിയോഗം. സ്വന്തം ജീപ്പിന്റെ മുകൾഭാഗം അഴിച്ചുമാറ്റിയാണ് തങ്കപ്പനാചാരി രഥം തയ്യാർ ചെയ്‌തത്. രഥത്തിൽ കമനീയമായ ചിത്രപ്പണികളും പുലിക്കൂട്ടവുമായി അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ പ്രവേശിക്കുന്ന രംഗവും എല്ലാം ഉണ്ട്.
മണ്‌ഡലപൂജയുടെ രണ്ടുനാൽ മുമ്പാണ് രാവിലെ 6.30ന് തങ്കയങ്കി രഥയാത്ര പുറപ്പെടുന്നത്. കോഴഞ്ചേരി, ഇലന്തൂര്‍, ഓമല്ലൂർ, പത്തനംതിട്ട, കുമ്പഴ, കോന്നി, വെട്ടൂർ വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലെത്തി രാത്രി വിശ്രമിക്കും. രണ്ടാംനാൾ മണ്ണാറക്കുളഞ്ഞി, റാന്നി, രാമപുരം, വടശ്ശേരിക്കര, മാടമൺ വഴി പെരുനാട് ക്ഷേത്രത്തിലും മണ്‌ഡലപൂജ ദിവസം ളാഹ-സത്രം, പ്ലാപ്പള്ളി, നിലയ്‌ക്കൽ വഴി പമ്പയിൽ പകൽ 12.30നു രഥയാത്രയെത്തും.
വഴിനീളെ നിറപറയും ആരതിയും വാദ്യമേളവും വെടിക്കെട്ടും അന്നദാനവുമായി അയ്യപ്പഭക്തർ തങ്കയങ്കി രഥയാത്രയെ സ്വീകരിക്കും.
പമ്പയിൽനിന്നു 3ന് പുറപ്പെട്ട് 5ന് ശരംകുത്തിയിൽ എത്തുന്ന തങ്കയങ്കി ഘോഷയാത്ര ദേവസ്വം അധികൃതർ സന്നിധാനത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്നാണ് തങ്കയങ്കി ചാർത്തി മണ്‌ഡലപൂജ.
മണ്‌ഡലപൂജ കഴിഞ്ഞ് തങ്കയങ്കി ആറന്മുളയിലെത്തിച്ച് ദേവസ്വംവക ഭണ്‌ഡാരത്തിൽ സൂക്ഷിക്കും.
Comments
Post a Comment